ദുബായ്: ദുബായ് ആര്‍ടിഎ (റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി) പുതിയ നോള്‍ കാര്‍ഡ് ഇന്ന് പുറത്തിറക്കി. താമസക്കാര്‍ക്കും പൗരന്മാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി 17,000 ദിര്‍ഹം വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതിയ കാര്‍ഡിലൂടെ ഡിസ്‌കൗണ്ട് ലഭിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പൊതുഗതാഗത സൗകര്യങ്ങള്‍ ഒരു കാര്‍ഡിലൂടെ ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. 100 ശതമാനത്തിലധികം കിഴിവുകളും 17,000 ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ളതുമായ ഒരു പേയ്മെന്റ് രീതിയായി നോള്‍ കാര്‍ഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ദുബായ് ആര്‍ടിഎയിലെ കോര്‍പ്പറേറ്റ് ടെക്‌നോളജി സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിന്റെ സിഇഒ മുഹമ്മദ് അല്‍ മുദര്‍റെബ് പറഞ്ഞു.
ദുബായിലെ പൊതുഗതാഗതത്തിനും പാര്‍ക്കിംഗിനും മറ്റ് വിനോദങ്ങള്‍ക്കും പണമടയ്ക്കാന്‍ പുതിയ നോള്‍ ട്രാവല്‍ കാര്‍ഡ് ഉപയോഗിക്കാനാവുമെന്നും അതോറിറ്റി അറിയിച്ചു. നഗരത്തിലെ ഹോട്ടലുകള്‍, ഷോപ്പുകള്‍, സാഹസിക വിനോദങ്ങള്‍, മറ്റ് വിനോദ സൗകര്യങ്ങള്‍, ഓഫറുകള്‍ എന്നിവയിലുടനീളം അഞ്ച് മുതല്‍ 10 ശതമാനം വരെ കിഴിവുകളും പുതിയ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.
ആദ്യ ഘട്ടത്തില്‍, നോള്‍ ട്രാവല്‍ കാര്‍ഡ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും (DXB) സൂം, യൂറോപ്കാര്‍ഡ് പോലുള്ള ചില സ്റ്റോറുകളിലുമാണ് ലഭ്യമാകുക. 19 ദിര്‍ഹം ബാലന്‍സില്‍ ഒരു വര്‍ഷത്തേക്ക് 200 ദിര്‍ഹമാണ് കാര്‍ഡിന്റെ വില. വര്‍ഷാവസാനം 150 ദിര്‍ഹത്തിന് കാര്‍ഡ് പുതുക്കാന്‍ കഴിയും.
അതേസമയം നിലവിലുള്ള നോള്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ നോള്‍ ട്രാവല്‍ കാര്‍ഡിലേക്ക് മാറാന്‍ കഴിയില്ല, എന്നാല്‍ ഭാവിയില്‍ ഇത് പരിഗണിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.
