തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് ഭേദഗതിയില്‍ മോട്ടോര്‍ വാഹനവകുപ്പും ഗതാഗത മന്ത്രിയും അടഞ്ഞു. പരിഷ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സമരത്തില്‍ നിന്ന് സ്‌കൂള്‍ ഉടമകള്‍ പിന്‍മാറിയത്.
ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരണ സമരം പിന്‍വലിക്കുകയും ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ പ്രതിനിധികളുമായി ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ യൂണിയന്‍ സമരസമിതി തീരുമാനിച്ചത്.
ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍ അനുവദിക്കുക. ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ടെസ്റ്റ് വാഹനങ്ങളില്‍ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും.
ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാനായി പുതിയ കമ്മീഷനെ നിയോഗിക്കും. കെഎസ്ആര്‍ടിസിയുടെ പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു എംവിഐയുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും നടത്തുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
