ശാസ്താംകോട്ട: കൊല്ലം പോരുവഴിയില്‍ എ സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പോരുവഴി ഇടയ്ക്കാട് ഭാഗത്താണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചു. പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ ഇരുനില വീട്ടിലെ എസിയാണ് പൊട്ടിത്തെറിച്ചത്. കുടുംബം പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഉഗ്ര ശബ്ദത്തോടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ എസി പ്രവര്‍ത്തിച്ചിരുന്ന മുറിയുടെ കതകും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തിച്ചാമ്പലായി. ചാരം മൂടിയ നിലയിലായിരുന്നു മുറി. വീട് മുഴുവന്‍ കരിയും പുകയും നിറഞ്ഞു. ശബ്ദം കേട്ട് എത്തിയപ്പോള്‍ വീട് ആകെ പുകയില്‍ മുങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികള്‍ ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശാസ്താംകോട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.
പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
