മട്ടന്നൂര്‍: മൈ ഗോള്‍ഡ് ജ്വല്ലറിയില്‍ കോടികളുടെ സ്വര്‍ണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തില്‍ പ്രധാനപ്രതികള്‍ ഗള്‍ഫിലുള്ളതായി വിവരം. ജ്വല്ലറി നടത്തിപ്പുകാരന്‍ മുഴക്കുന്നിലെ തഫ്‌സീര്‍ ഗള്‍ഫിലേക്കു കടന്നതായാണ് വിവരം ലഭിച്ചത്.
പ്രതികളായ മറ്റു രണ്ടു പാര്‍ട്‌നര്‍ നേരത്തേതന്നെ ഗള്‍ഫിലാണുള്ളത്. തഫ്‌സീറിനെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ ഫാസില, ഹാജറ, ഹംസ, ഫഹദ്, ഷമീര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ 56 പരാതികള്‍ ലഭിച്ചു.
6 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. ഈ മാസം 6ന് പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രധാനപ്രതി വിദേശത്തേക്കു കടക്കുന്നതു തടയാന്‍ പൊലീസിനു കഴിഞ്ഞില്ല. പഴയസ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ തൂക്കം പുതിയ സ്വര്‍ണം നല്‍കുമെന്നും ആഴ്ച, മാസത്തവണകളായി പണം നിക്ഷേപിച്ചാല്‍ ആവശ്യമുള്ളപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്.
പഴയ സ്വര്‍ണം നല്‍കിയവരും ജ്വല്ലറികളില്‍ സ്വര്‍ണം വിതരണം ചെയ്യുന്ന ഏജന്റുമാരും സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കിനല്‍കുന്ന പണിക്കാരുമെല്ലാം തട്ടിപ്പിനിരയായി. സ്റ്റോക്കില്ലെന്നു പറഞ്ഞ് സമീപത്തെ ജ്വല്ലറികളില്‍ നിന്നു വാങ്ങിയ ആഭരണങ്ങളുടെ പണം നല്‍കിയില്ലെന്നും പരാതി ഉണ്ട്.
ഉളിയില്‍ സ്വദേശി പി.വി.സൂരജിന് 21.87 ലക്ഷം രൂപയുടെ സ്വര്‍ണമാണ് നഷ്ടമായത്. സ്വര്‍ണപ്പണിക്കാരനായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി എ.ജെ.മെജോയില്‍ നിന്ന് 232 ഗ്രാം സ്വര്‍ണം വാങ്ങി. 23.45 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തില്ലങ്കേരി സ്വദേശിയുടെ 98 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
