അബുദാബി: യുഎഇയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ലീവ് കൂടിയാല്‍ അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ലീവ് ലെറ്റര്‍ നല്‍കാതെ ഒരു ടേമില്‍ അഞ്ചും വര്‍ഷത്തില്‍ പതിനഞ്ചും ദിവസത്തില്‍ കൂടുതല്‍ ക്ലാസില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. ഇത്തരം വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നിയമം ബാധകമാണ്.
ഒരു ദിവസമാണ് ലീവ് എടുക്കുന്നതെങ്കിലും അത് രേഖാമൂലം സ്‌കൂളിനെ അറിയിക്കണം. കാരണംകൂടാതെ ലീവെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കും. 3 തവണ മുന്നറിയിപ്പ് നല്‍കിയിട്ടും 15 ദിവസത്തില്‍ കൂടുതല്‍ ലീവെടുക്കുന്നവര്‍ ഒരു വര്‍ഷം കൂടി ഇതേ ക്ലാസില്‍ തുടരേണ്ടിവരും. ഇത്തരം കേസുകള്‍ ശിശുസംരക്ഷണ വിഭാഗത്തിന് റഫര്‍ ചെയ്യും. ഇതൊഴിവാക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സ്‌കൂളിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും സത്യവാങ്മൂലം നല്‍കണം.
വാരാന്ത്യ, പൊതു അവധി ദിവസങ്ങള്‍ക്കു മുന്‍പോ ശേഷമോ ഉള്ള ദിവസം അവധിയെടുത്താല്‍ 2 ദിവസത്തെ അവധിയായി കണക്കാക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് യുഎഇയില്‍ വാരാന്ത്യ അവധി. അതിനാല്‍ വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ അവധി എടുത്താലാണ് 2 ദിവസം ലീവെടുത്തതായി കണക്കാക്കുക. മൂന്ന് ടേമുള്ള അധ്യയന വര്‍ഷത്തിലെ ഒരോ ടേമുകളിലും 5 വീതം മൊത്തം 15 ദിവസമാണ് രേഖാമൂലം അനുവദിച്ച അവധി. ഈ പരിധി ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം കൂടി ഇതേ ക്ലാസില്‍ തുടരേണ്ടിവരും. ഇക്കാര്യം രേഖാമൂലം രക്ഷിതാവിനെ അറിയിക്കും. അറിയിപ്പ് ലഭിച്ച് 5 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്.
സാധാരണ ലീവ് എടുക്കുന്നവര്‍ തലേദിവസം സ്‌കൂളിലേക്ക് ഇമെയില്‍ അയയ്ക്കണം. അസുഖം മൂലമാണ് സ്‌കൂളില്‍ എത്താതിരുന്നതെങ്കില്‍ രാവിലെ 8.30ന് മുന്‍പ് അക്കാര്യം സ്‌കൂളിലേക്ക് ഇ-മെയില്‍ മുഖേന അറിയിക്കുകയും അടുത്ത ദിവസം സ്‌കൂളില്‍ എത്തുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ 5 ദിവസം വരെ ലീവിന് അര്‍ഹതയുണ്ട്.
അവധി എടുക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ അധിക ക്ലാസ് എടുത്ത് നഷ്ടപ്പെട്ട പഠനം നികത്താമെന്ന് സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന് (അഡെക്) സത്യവാങ് മൂലം നല്‍കണം. ക്ലാസ് നടത്തിയ ശേഷം കുട്ടിയുടെ പഠന നിലവാരവും അഡെകിനെ അറിയിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
