അമേരിക്ക: ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും പിന്നാലെ വാട്സ് ആപ്പിലും ഇനിമുതല്‍ പരസ്യം. ഇനി മുതല്‍ വാട്സാപ്പിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് മെറ്റ അറിയിച്ചു. ഇതാദ്യമായാണ് വാട്സ് ആപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്സ് ആപ്പിലെ അപ്ഡേറ്റ്സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് പരസ്യങ്ങള്‍ വരിക.
ഇന്‍സ്റ്റഗ്രാം, പേസ്ബുക്ക് പോലെ സ്പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരിലാണ് ഇവ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ചാനല്‍ സബ്സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചറുകള്‍ അടങ്ങിയ അപ്ഡേറ്റുകള്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ 150 കോടി ദൈനം ദിന ഉപയോക്താക്കളെയാണ് മെറ്റ ലക്ഷ്യമിടുന്നത്.
അതേസമയം പരസ്യം വരുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയില്‍ മാത്രമാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നും പേഴ്സണല്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും പരസ്യങ്ങള്‍ കാണിക്കില്ലെന്നും മെറ്റ വ്യക്തമാക്കി.
ഉപഭോക്താക്കളില്‍ നിന്നുള്ള പരിമിതമായ വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും പരസ്യവിതരണം. പരസ്യ ദാതാക്കളുമായി ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുകള്‍ പങ്കുവെക്കില്ലെന്നും വ്യക്തിഗത സന്ദേശങ്ങള്‍, കോളുകള്‍, എന്നിവ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
