നിത്യതയില്‍… അവസാന സന്ദേശത്തിലും ഗസയില്‍ സമാധാനത്തിന് ആഹ്വാനം

1q 91

വത്തിക്കാന്‍ സിറ്റി: ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെ ഈസ്റ്റര്‍ ദിനത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത അദ്ദേഹം അവസാന സന്ദേശത്തിലും ഗസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്തു. ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നെങ്കിലും ഇന്നലെ അപ്രതീക്ഷമായി അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നിലെത്തുകയായിരുന്നു.

ഗസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാര്‍പാപ്പ ഇന്നലെ ചൂണ്ടികാട്ടിയിരുന്നു. ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പും ഗസയിലെ സാഹചര്യത്തെ പാപ്പ അപലപിച്ചിരുന്നു. ഫലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മാര്‍പ്പാപ്പ ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ശ്വാസകോശ അണുബാധക്കുള്ള ചികിത്സയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ആഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനുശേഷം മാര്‍ച്ച് 23 ന് തിരിച്ചെത്തി.

പെസഹ വ്യാഴാഴ്ച മാര്‍പാപ്പ റോമിലെ റെജീന കെയ്ലി ജയിലും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായും അദ്ദേഹം ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലും ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിട്ടിരുന്നില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like