തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജീർണിച്ച നിലയിലല്ല. അതിനാൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു ആദ്യ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്.
മൃതദേഹം പുറത്തെടുക്കുന്ന വേളയിൽ കുടുംബം സ്ഥലത്തേക്ക് വന്നിരുന്നില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം മകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് എത്തിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു. അതേസമയം ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
