കുവൈത്ത്: കുവൈത്തില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമകളില്‍ നിന്നോ, ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്നോ കൃത്യമായി ശമ്പളം ലഭിച്ചില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ സമാനമായ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ അനുമതി നല്‍കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഫോര്‍ വര്‍ക്ക്‌ഫോഴ്‌സ് പ്രൊട്ടക്ഷന്‍ സെക്ടര്‍ അഫയേഴ്‌സിന്റെ ആക്ടിംഗ് ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ മുറാദ് അറിയിച്ചു. ശമ്പളം കൃത്യമായി നല്‍കാത്തത് ഗുരുതര നിയമ ലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കുവൈത്ത് മാനവ ശേഷി വകുപ്പ് , കുവൈത്ത് ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്സ്, കുവൈത്ത് തൊഴിലാളി യൂണിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
