ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് ഭീതി. ‘PJ.2.1’ എന്ന പുതിയ ഒമിക്രോൺ വകഭേദം വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. മുൻ വകഭേദങ്ങളിൽ നിന്ന് വേഗത്തിൽ ജനിതക വ്യതിയാനം സംഭവിച്ചതാണ് ശാസ്ത്രജ്ഞർ ഇതിനെ കൂടുതൽ ഗൗരവത്തോടെ കാണാൻ കാരണം.
കൊറോണ വൈറസിന്റെ ജെഎൻ.1 ലീനിയേജിൽപ്പെട്ട MC.10.1.7 എന്ന വൈറസിൽ നിന്നാണ് PJ.2.1 എന്ന പുതിയ രൂപം ഉയർന്നുവന്നത്. 2026 മേയ് 2ന് കാനഡയിലെ ഒന്റാറിയോയിലാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ, ജൂൺ 30ന് ന്യൂയോർക്ക് സിറ്റിയിലൂടെ യുഎസിലും കണ്ടെത്തി. തുടർന്ന് കലിഫോർണിയ, ഫ്ലോറിഡ, വെർജീനിയ തുടങ്ങി യുഎസിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വൈറസ് പടർന്നുപിടിച്ചു.
നിലവിൽ കാനഡയ്ക്കും യുഎസിനും പുറമേ സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങി ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്പെയിനിൽ പ്രാദേശികതലത്തിൽ വൻതോതിൽ വൈറസ് പടരുന്നതായി റിപ്പോർട്ടുകളുണ്ട്.
വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ വലിയ തോതിലുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ ആരോഗ്യ വിദഗ്ധർ ഇതിനെ ഒരു ‘സാൾട്ടേഷൻ വകഭേദം’ (Saltation Variant) ആയാണ് തരംതിരിച്ചിരിക്കുന്നത്. മുൻപ് വ്യാപിച്ച മറ്റ് കോവിഡ് തരംഗങ്ങളേക്കാൾ ഉയർന്ന തോതിൽ മാറ്റങ്ങൾ സംഭവിച്ച വൈറസിന് വേഗത്തിൽ പടരാനുള്ള ശേഷി ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രോഗലക്ഷണങ്ങളും പരിശോധനകളും
സാധാരണ സീസണൽ പനിയോടും ജലദോഷത്തോടും ഏറെ സാമ്യമുള്ള ലക്ഷണങ്ങളാണ് PJ.2.1 ബാധിച്ചവരിലും കണ്ടുവരുന്നത്. രോഗബാധിതരിൽ പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ്, തലവേദന, കടുത്ത പേശിവേദന, അമിതമായ ക്ഷീണം തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമേ അപൂർവം ചിലരിൽ രുചിയും മണവും നഷ്ടപ്പെടൽ, ശ്വാസംമുട്ടൽ, ദഹനസംബന്ധമായ പ്രയാസങ്ങൾ എന്നിവയും കണ്ടേക്കാം.
ലക്ഷണങ്ങൾ മാത്രം വെച്ച് ഈ വകഭേദത്തെ മറ്റ് വൈറസ് ബാധകളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കൃത്യമായ രോഗനിർണയത്തിന് ആന്റിജൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധനകൾ അത്യാവശ്യമാണ്. വൈറസിന്റെ വകഭേദം ഏതെന്നു സ്ഥിരീകരിക്കാൻ ജെനോമിക് സീക്വൻസിംഗ് നടത്തേണ്ടി വരും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
