ദോഹ: ഖത്തറില്‍ പത്ത് വര്‍ഷത്തെ റസിഡന്‍സി വിസ അനുവദിക്കുന്നു, സംരംഭകരെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെയും ലക്ഷ്യമിട്ട് 10 വര്‍ഷത്തെ റെസിഡന്‍സി പ്രോഗ്രാം നടപ്പിലാക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ വെബ് സമ്മിറ്റ് ഖത്തര്‍ 2026 ല്‍ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
രണ്ട് വിഭാഗങ്ങളായി പുതിയ റസിഡന്‍സി പ്രോഗ്രാം പരിമിതപ്പെടുത്തിയിട്ടുണ്ട്. സംരംഭകര്‍, മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. മറ്റ് പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, വിരമിച്ചവര്‍ എന്നിവര്‍ക്ക് നിലവില്‍ പദ്ധതിയില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല.
ഖത്തറിന്റെ സ്വകാര്യ മേഖലയിലെ മുന്‍ഗണനകളുമായി ചേര്‍ന്ന്, രാജ്യത്ത് ഉയര്‍ന്ന സ്വാധീനം ചെലുത്തുന്നതോ നവീകരണത്തില്‍ അധിഷ്ഠിതമായതോ ആയ ബിസിനസുകള്‍ ഉള്ളവര്‍ക്ക് സംരംഭകരായി അപേക്ഷിക്കാം. അപേക്ഷകര്‍ ഖത്തര്‍ സയന്‍സ് & ടെക്‌നോളജി പാര്‍ക്ക് (QSTP) പോലുള്ള അംഗീകൃത ഖത്തരി ബിസിനസ് ഇന്‍കുബേറ്ററില്‍ നിന്ന് ഔദ്യോഗിക അംഗീകാരവും നേടണം. അപേക്ഷകര്‍ക്ക് സാമ്പത്തിക സ്ഥിരതയും നിര്‍ബന്ധമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിലനിര്‍ത്തിയിരുന്ന QAR 36,500 ($10,000) മിനിമം ബാലന്‍സ് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കണം.
സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ എന്ന വിഭാഗത്തില്‍ കമ്പനികളുടെ ചെയര്‍മാന്‍, സിഇഒ, സിഎഫ്ഒ, സിഒഒ, സിടിഒ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉയര്‍ന്ന തലത്തിലുള്ള നേതൃത്വ റോളുകള്‍ വഹിക്കുന്നവര്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ഖത്തറിനകത്തോ പുറത്തോ സീനിയര്‍ എക്‌സിക്യൂട്ടീവ് മാനേജ്മെന്റില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. സാധുവായ ഒരു പ്രാദേശിക തൊഴില്‍ കരാറും നിര്‍ബന്ധമാണ്.
ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതു ഓഹരി ഉടമകള്‍, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സ് ചെയ്ത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും, ഖത്തര്‍ സെന്‍ട്രല്‍ ബാങ്കോ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിയോ നിയന്ത്രിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാനേജ്മെന്റ്, സാമ്പത്തിക, നിയമ, അല്ലെങ്കില്‍ അക്കൗണ്ടിംഗ് സേവനങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് ചെയര്‍മാന് കുറഞ്ഞ പ്രതിമാസ വരുമാനം QAR 50,000 ആയിരിക്കണം മറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവികള്‍ക്ക് QAR 80,000 ബാധകമാണ്.
നിലവില്‍ പദ്ധതി അന്തിമ ഘട്ടത്തിലാണ്, എന്നാല്‍ അധികാരികള്‍ ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍വെസ്റ്റ് ഖത്തര്‍ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം നിലവിലുള്ള അഞ്ച് വര്‍ഷത്തെ റെസിഡന്‍സി ഉടമകള്‍ക്ക് പുതിയ 10 വര്‍ഷത്തെ വിസയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുമോ എന്ന് അധികാരികള്‍ സ്ഥിരീകരിച്ചിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
