ദോഹ: ഖത്തറില്‍ ഹെല്‍ത്ത് കാര്‍ഡിന് പകരം ഇനിമുതല്‍ ഖത്തര്‍ ഐഡി ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തരി പൗരന്മാര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഹെല്‍ത്ത് കാര്‍ഡ് നേടുന്നതിനും കാര്‍ഡ് നഷ്ടപ്പെടുകയോ കേടുപാടുകളോ സംഭവിച്ചാല്‍ അത് മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ഫീസ് സംബന്ധിച്ച 2023 ലെ തീരുമാനവും റദ്ദാക്കി പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്‌മൂദ് വ്യാഴാഴ്ച 2025 ലെ തീരുമാനം (46) നമ്പര്‍ പുറപ്പെടുവിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി), മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ഖത്തരി പൗരന്മാര്‍ക്ക് ഇനിമുതല്‍ ഹെല്‍ത്ത് കാര്‍ഡിന് പകരം ഖത്തരി ദേശീയ ഐഡി കാര്‍ഡ് (ഖത്തര്‍ ഐഡി) സ്വീകരിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന് യാതൊരുവിധ ഫീസും ഈടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം പ്രവാസികളായ രാജ്യത്തെ താമസക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമാണ് ഉപയോഗിക്കാനാവുക. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ നിലവിലുള്ള നടപടിക്രമങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കാമെന്നും മന്ത്രാലയം വിശദീകരിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ ഖത്തര്‍ ഐഡി കാര്‍ഡ് കൈവശം വയ്ക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
