കൊച്ചി: ഓണത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഓണസദ്യയൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കും. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആകാശത്തിരുന്ന് സദ്യ കഴിക്കാനാവുക. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് വരെ ഓണ സദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യാം.
500 രൂപയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അവരുടെ പുതിയ ബോയിങ് വിടി- ബിഎക്സ്എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാഴയിലയില്‍ മട്ട അരി, നെയ്,പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, പായസം തുടങ്ങിയവ വിഭവങ്ങള്‍ ആകാശത്തെ ഓണ സദ്യയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുക്കും. കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്.
ഓണ സദ്യ കൂടാതെ യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം പ്രീ ബുക്ക് ചെയ്യാവുന്ന ഭക്ഷണ നിരയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഗോര്‍മേര്‍ മെനുവിലുണ്ട്. അവാധി ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ മഞ്ചൂരിയന്‍ വിത്ത് ഫ്രൈഡ് റൈസ്, മിനി ഇഡലി, മെഡു വട, ഉപ്പുമാവ് തുടങ്ങി സസ്യ- മുട്ട- മാംസാഹര പ്രിയര്‍ക്കും ആരോഗ്യകരമായ ഡയറ്റും ഷുഗര്‍ ഫ്രീ ഭക്ഷവും ആവശ്യമുള്ളവര്‍ക്കുമായി വലിയൊരു ഭക്ഷണ നിര തന്നെയാണ് ഓരോ വിമാനത്തിലും ഒരുക്കിയിട്ടുള്ളത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
