സ്‌കൂള്‍ സമയത്തില്‍ മാറ്റം; ഹൈസ്‌കൂളില്‍ സമയം കൂട്ടി; ഏഴാം ക്ലാസ് വരെ ശനിയാഴ്ചകളില്‍ ക്ലാസ്

school

തിരുവനന്തപുരം: സ്‌കൂള്‍ അക്കാദമിക കലണ്ടര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു. എല്‍ പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങള്‍.

ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ അധ്യയനവര്‍ഷത്തെ കലണ്ടര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഹൈസ്‌കൂള്‍ ക്ലാസുകള്‍ അരമണിക്കൂര്‍ കൂട്ടും. യുപിയില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് തീരുമാനം. അതേസമയം എല്‍പി ക്ലാസുകള്‍ക്ക് ഇത്തവണ അധിക ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കില്ല.

എല്‍പിയില്‍ ഇപ്പോള്‍ തന്നെ 800 മണിക്കൂര്‍ അധ്യയന സമയം ഉള്ളതുകൊണ്ടാണ് അധിക ശനിയാഴ്ചകള്‍ ഒഴിവാക്കിയത്. യുപി തലത്തില്‍ 1000 മണിക്കൂര്‍ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകള്‍. ഹൈസ്‌കൂളില്‍ 1200 മണിക്കൂര്‍ ഉറപ്പാക്കാന്‍ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂര്‍ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു.

അരമണിക്കൂര്‍ അധിക ക്ലാസ് വെള്ളിയാഴ്ചകളില്‍ ഉണ്ടാവില്ല. ആഴ്ചയില്‍ തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത രീതിയിലായിരിക്കും ശനിയാഴ്ചത്തെ ക്ലാസുകള്‍ ക്രമീകരിക്കുക. ഹൈക്കോടതിയുടെ അന്ത്യശാസനം ഉണ്ടായിരുന്നത് കൊണ്ട് തന്നെ, കലണ്ടര്‍ തീരുമാനിച്ചത് ഹൈക്കോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like