ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തൊട്ടുമുമ്പ് യാത്രക്കാരന്‍ എമര്‍ജന്‍സി സ്ലൈഡ് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്ന വിമാനത്തിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ലേയിലേക്കുള്ള ഇന്റിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനക്കമ്പനി പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്റിഗോയുടെ 6E 5161 വിമാനം ഡല്‍ഹിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അപ്രതീക്ഷിത നടപടി. പിന്നാലെ വിമാന ജീവനക്കാര്‍ അധികൃതരെ വിവരം അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തിറക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡ്.
യാത്രക്കാരനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഇന്റിഗോ അറിയിച്ചു. അതേസമയം മറ്റ് യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം A320 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ഇന്റിഗോ തങ്ങളുടെ ഡല്‍ഹി-ലേ സര്‍വീസിനായി ഉപയോഗിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
