അബുദാബി: യുഎഇയില്‍ ശമ്പളവുമായി ബന്ധപ്പെട്ടുളള പ്രശ്നപരിഹാരത്തിന് പ്രതിവിധി. കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരിക്കുക, ശമ്പളം വൈകുക, തൊഴിലുടമ സഹകരിക്കുന്നില്ല, എന്നിവ രാജ്യത്തെ തൊഴില്‍ നിയമത്തിന്റെ ലംഘനമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമ സഹായം തേടണമെന്ന് നിയമവിദഗ്ദര്‍ അറിയിച്ചു.
ഇത്തരം നിയമലംഘനങ്ങള്‍ ഏത് മേഖലയിലാണ് നിങ്ങളുടെ തൊഴില്‍ സ്ഥാപനം എന്നത് അനുസരിച്ച് അതത് മന്ത്രാലയങ്ങളെയോ അധികാരികളെയോ സമീപിക്കാം. മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ രജിസ്ട്രര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളിലാണെങ്കില്‍ മന്ത്രാലയത്തില്‍ ഇത് സംബന്ധിച്ച പരാതി നല്‍കാം. ഇത്തരം പരാതികളില്‍ പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജീവനക്കാരന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് ഇത്.
ദുബായ് പോലീസിലും പരാതി നല്കാന് കഴിയും. ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഒരുമിച്ചോ വ്യക്തിപരമായോ പരാതി നല്‍കാം. ശമ്പളവുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങള്‍ മാത്രമല്ല, സ്ഥാപനത്തിലെ ജോലി സാഹചര്യം,തൊഴിലാളി താമസ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ദുബായ് പൊലീസില്‍ പരാതി നല്‍കാം. ജീവനക്കാരന്റെ സുരക്ഷയും സ്വകാര്യതയും മാനിച്ച് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. യുഎഇയിലെ തൊഴില്‍ നിയമം അനുസരിച്ച് തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിരിക്കുന്ന വേതന കാലയളവ് അവസാനിച്ചതിന് ശേഷമുള്ള മാസത്തിലെ ആദ്യ ദിവസം മുതല്‍ ജീവനക്കാരന്റെ വേതനം കുടിശ്ശികയാകും. കരാറില്‍ വേതന കാലയളവ് പരാമര്ശിച്ചിട്ടില്ലെങ്കില് മാസത്തിലൊരിക്കല്‍ ശമ്പളം നല്‍കണം. അതേസമയം തന്നെ കരാറില്‍ 15 ദിവസത്തില്‍ കുറഞ്ഞ കാലയളവ് പരാമര്ശിച്ചിട്ടില്ലെങ്കില് ഈ കാലയളവ് കഴിഞ്ഞും ശമ്പളം നല്കുന്നില്ലെങ്കില് തൊഴിലുടമകള്‍ക്ക് വീഴ്ച വന്നതായി കണക്കാക്കും.
യുഎഇയില്‍ സ്വകാര്യമേഖല വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ് അഥവാ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം) നടപ്പിലാക്കിയിട്ടുണ്ട്. മാനവവിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തില്‍ റജിസ്ട്രര്‍ ചെയ്തിട്ടുളള തൊഴിലുടമകള്‍ വേതന സംരക്ഷണ സംവിധാനം (വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം) മുഖേന യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലുളള അംഗീകൃത ബാങ്കുകള്‍ വഴിയോ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ ശമ്പളം കൃത്യമായി നല്‍കുകയും വേണം. വീഴ്ചവരുത്തിയാല്‍ പിഴയും പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കാതിരിക്കുന്നത് ഉള്‍പ്പടെയുളള നിയമനടപടികളും നേരിടേണ്ടിവരും.
എങ്ങനെ മാനവവിഭവശേഷി മന്ത്രാലയത്തിലൂടെ പരാതി നല്‍കാം:
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആപ്പ് (MOHRE app) ഡൗണ്‍ലോഡ് ചെയ്യുക. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇത് ലഭ്യമാണ്. യുഎഇ പാസ് ഉപയോഗിച്ചോ എംഒഎച്ചആര്ഇ അക്കൗണ്ട് ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക. അക്കൗണ്ടില്ലെങ്കില്‍ സൈന്‍ അപ് ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ടുണ്ടാക്കാന്‍ എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട്ട് നമ്പര്‍ അല്ലെങ്കില്‍ ലേബര്‍ കാര്‍ഡ് നമ്പര്‍ എന്നിവ ആവശ്യമാണ്.
എന്റെ വേതനം ( My Salary) എന്നതില്‍ ക്ലിക്ക് ചെയ്ത് സേവനത്തിനായി അപേക്ഷിക്കുകയെന്നത് (Apply for this Service) തിരഞ്ഞെടുക്കാം. മൊബൈല്‍ നമ്പര്‍ നല്‍കുക, വേതനം സംബന്ധിച്ച പരാതി എന്താണ് എന്നതുനസരിച്ചുളള ഓപ്ഷന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് പരാതി സമര്‍പ്പിക്കുക.
ദുബായ് പോലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ് ലേബര്‍ കോര്‍ട്ടിലോ എംഒഎച്ച് ആര് ഇയിലോ മറ്റ് പരാതികളൊന്നും നിലവിലില്ലെന്ന് ഉറപ്പാക്കണം. ദുബായ് താമസ വീസയുളളവരായിരിക്കണം എന്നതും നിര്‍ബന്ധമാണ്. മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അല്ലെങ്കില്‍ ദുബായ് ഫ്രീ സോണ്‍ പോലുള്ള മറ്റ് ഔദ്യോഗിക അധികാരികള്‍ രേഖപ്പെടുത്തിയതും അംഗീകരിച്ചതുമായ ഒരു സാധുവായ തൊഴില്‍ കരാറോ വര്‍ക്ക് പെര്‍മിറ്റോ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. പരാതി നല്‍കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരിക്കരുത്. അനധികൃതമായി ജോലി ചെയ്തശേഷം പരാതിയുമായി ദുബായ് പൊലീസിനെ സമീപിക്കരുത്.യുഎഇയില്‍ അനുവദനീയമായ ജോലിയായിരിക്കണം.
കമ്മ്യൂണിറ്റി സര്‍വ്വീസ് എന്ന ഓപ്ഷനില്‍ ചെന്ന് ഫയല്‍ എ ലേബര്‍ കംപ്ലയിന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. എമിറേറ്റ് ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കുക. തൊഴിലുടമയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വിവരങ്ങള്‍ നല്‍കുക. പരാതിയെന്താണ് എന്നുളളതും വ്യക്തമാക്കണം. അതിന് ശേഷം പരാതി സമര്‍പ്പിക്കാം. എസ്എംഎസ് വഴിയോ മെയില്‍ വഴിയോ പരാതിയുടെ റഫറന്‍സ് നമ്പര്‍ ലഭിക്കും. ഈ നമ്പറിലൂടെ പരാതിയുടെ പുരോഗതി മനസിലാക്കാനാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
