അബുദാബി: പെരുന്നാളിന് അമിതവേഗത്തില്‍ വാഹനമോടിച്ച് ആഘോഷങ്ങള്‍ ദുരന്തങ്ങളാക്കി മാറ്റരുതെന്ന് അബുദാബി പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈദ് അവധിക്കാലത്ത് റോഡില്‍ തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അബുദാബി പോലീസ് പറഞ്ഞു.
റോഡില്‍ പറഞ്ഞിട്ടുള്ള വേഗപരിധി പാലിക്കണം. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണം. സീറ്റ് ബെല്‍റ്റ് ധരിക്കണം . 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം എന്നും പോലീസ് നിര്‍ദേശിച്ചു.
ചെറിയ പെരുന്നാളിന് മുന്നോടിയായി മധുരപലഹാരങ്ങളും റോസാപ്പൂക്കളും ആശംസാ കാര്‍ഡുകളും വിതരണം ചെയ്താണ് അബുദാബി പോലീസ് മുന്നറിയിപ്പുകള്‍ നല്‍കിയത്.
