കൊച്ചി: ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതല്ലെന്ന് പോലീസ്. മിഠായി നല്‍കിയത് വാത്സല്യം കൊണ്ടെന്നും ഒമാന്‍ സ്വദേശികള്‍ ഉള്‍പ്പെട്ട തട്ടിക്കൊണ്ടുപോകല്‍ ആരോപണത്തില്‍ പൊലീസ് വ്യക്തമാക്കി.
അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്നായിരുന്നു ഒമാന്‍ സ്വദേശികള്‍ക്കെതിരായ ആരോപണം. മിഠായി നല്‍കിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസില്‍ വ്യക്തത വന്നതോടെ പരാതിയില്ലെന്ന് കുട്ടികളുടെ കുടുംബം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് കസ്റ്റഡിയിലായിരുന്ന ഒമാന്‍ സ്വദേശികളായ കുടുംബത്തെ വിട്ടയക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ കുട്ടികള്‍ മിഠായി വാങ്ങാന്‍ കൂട്ടാക്കാത്തത് മൂലം ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മൂന്ന് ഒമാന്‍ സ്വദേശികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
