ഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിര്‍ത്തി അടയ്ക്കും, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തലാക്കിയെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് പാകിസ്ഥാന്റെ നടപടി. ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തിരുന്നു.
അതേസമയം, പഹല്‍ഗാം ആക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചു. വിവിധ നയതന്ത്രപ്രതിനിധികളെ വിളിച്ച് ഇന്ത്യ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു. യുഎസ്, യുകെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് വിദേശകാര്യമന്ത്രാലയത്തില്‍ എത്തി. കരസേനാ മേധാവി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത്.
അതിനിടെ, പഹല്‍ഗാം ഭീകരാക്രമണം നടത്തിയവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത തിരിച്ചടി നല്‍കുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ കിട്ടുമെന്നും മോദി പറഞ്ഞു. ബിഹാറിലെ മധുബനിയില്‍ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മൗനപ്രാര്‍ത്ഥനയിലൂടെ ആദരം അര്‍പ്പിച്ച ശേഷമായിരുന്നു മോദിയുടെ ശക്തമായ പ്രതികരണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
