തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് റദ്ദാക്കി. മസ്‌കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അവസാനനിമിഷം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
ഇന്നലെ രാവിലെ 8.25ന്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 549 വിമാനമാണ് റദ്ദാക്കിയത്. ചെക്ക് ഇന്‍ ചെയ്യാന്‍ നില്‍ക്കുന്നതിനിടെ പുലര്‍ച്ചെ 3ന് ആണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
നാളെ ജോലിയില്‍ പ്രവേശിക്കേണ്ടവരും മറ്റ് അത്യാവശ്യ യാത്രകളുള്ളവരുമാണ് ഭൂരിഭാഗവും ഉണ്ടായിരുന്നത്. അതേസമയം 17, 18 തീയതികളില്‍ യാത്ര പുനഃക്രമീകരിച്ച് ടിക്കറ്റ് നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ പലരും അതിലും പ്രതിഷേധിച്ചു. കണക്ഷന്‍ ഫ്‌ലൈറ്റ് നല്‍കണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ ബെംഗളൂരുവിലും കൊച്ചിയിലും വിമാനം ക്രമീകരിക്കാമെന്ന് അറിയിച്ചു. എന്നാല്‍, ഇതിന്റെ സമയക്രമം വ്യക്തമാക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കി.
അതേസമയം സാങ്കേതികത്തകരാര്‍ പരിഹരിച്ച് സര്‍വീസ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
