മലപ്പുറം: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് തിരിച്ചടി. അധിക നിരക്ക് 40,000 നൽകണം. കേരളത്തിൽ കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റിന് കോഴിക്കോട്ടുനിന്നു പോകുന്നവരാണ് അധികമായി ഏകദേശം 40,000 രൂപ നൽകേണ്ടത്. കോഴിക്കോട്ടുനിന്ന് സ്വകാര്യ ഗ്രൂപ്പുകളിൽ വഴി പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് ഹജ് കമ്മിറ്റി വഴി പോകുന്നവർ ടിക്കറ്റിനു നൽകേണ്ടിവരിക.
ഹജ്ജ് വിമാന സർവീസ് സംബന്ധിച്ച ടെൻഡർ നടപടി പൂർത്തിയായപ്പോഴാണ് നിരക്കിലെ വ്യത്യാസം പുറത്തുവന്നത്. അതേസമയം ഡോളർ വിനിമയ നിരക്ക് കണക്കാക്കി തുക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുവരും. നികുതികളും മറ്റുമായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് മറ്റു നിരക്കുകളെല്ലാം ഹജ്ജ് കമ്മിറ്റിയെക്കാൾ കൂടുതലാണ്. എന്നാൽ, വിമാന ടിക്കറ്റ് നിരക്കിൽ ഇത്തവണ കാര്യമായ കുറവുണ്ട്. 60,000 – 75,000 രൂപയാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സ്വകാര്യ സംഘങ്ങൾ വഴിയുള്ള ഹജ് ടിക്കറ്റ് നിരക്ക്. കണക്ഷൻ വിമാനമാണെങ്കിലും നേരിട്ടുള്ള സർവീസ് ആണെങ്കിലും സൗദിയിലേക്കും തിരിച്ചുമുള്ള പരമാവധി നിരക്ക് 75,000 രൂപയാണ്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കോഴിക്കോട്ടുനിന്ന് 1.25 ലക്ഷം രൂപയാണ് ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്കുള്ള യാത്രാനിരക്ക്. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കോഴിക്കോട് ടെൻഡറിൽ പങ്കെടുത്തത്. കണ്ണൂരിൽ 87,000 രൂപയും കൊച്ചിയിൽ 86,000 രൂപയുമാണ് ഹജ്ജ് കമ്മിറ്റിക്കു കീഴിലെ ഹജ്ജ് യാത്രക്കാർക്കുള്ള നിരക്ക്. ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തുന്നത് ചാർട്ടേഡ് വിമാനമായതിനാൽ, തീർത്ഥാടകരെ കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും പോകുമ്പോൾ രണ്ടുതവണ കാലിയായി പറക്കണം എന്നതാണു നിരക്കുവർധനയ്ക്ക് പ്രധാന കാരണമായി പറയുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
