ഡല്‍ഹി: ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് കമ്പനികളുടെ വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) അധികൃതരുടെ റെയ്ഡ്. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി നിലവാരം കുറഞ്ഞ സാധനങ്ങള്‍ വിറ്റഴിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്ന് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ലക്‌നൗ, ഗുരുഗ്രാം, ദില്ലി എന്നിവിടങ്ങളിലെ ഗോഡൗണുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന.
നിലവാരം കുറഞ്ഞ സാധനങ്ങളുടെ വില്‍പനയ്ക്ക് പുറമെ അംഗീകാരമില്ലാത്ത ചില കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വില്‍ക്കുന്നത് കണ്ടെത്തി. ഹാന്റ് ബ്ലെന്‍ഡറുകള്‍, അലൂമിനിയം ഫോയിലുകള്‍, മെറ്റലിക് വാട്ടര്‍ ബോട്ടിലുകള്‍, പിവിസി കേബിള്‍, ഫുഡ് മിക്‌സര്‍, സ്പീക്കറുകള്‍ എന്നിവ പിടിച്ചെടുത്തു. ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും പുറമെ അംഗീകാരമില്ലാത്ത ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടെക് വിഷന്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലും റെയ്ഡ് നടത്തി. ഗുരുഗ്രാമില്‍ ഇന്‍സ്റ്റകാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേറ്റ് ചെയ്തിരുന്ന ഫ്‌ലിപ്കാര്‍ട്ട് വെയര്‍ഹൗസിലും പരിശോധന നടന്നു. ഇവിടെ നിന്ന് അംഗീകരമാല്ലാത്ത സ്റ്റെയിന്‍ലെസ് ബോട്ടലുകള്‍, കളിപ്പാട്ടങ്ങള്‍, സ്പീക്കറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
ബിഐഎസ് അംഗീകാരമില്ലാത്ത 7000 ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍, 4000 ഇലക്ട്രിക് ഫുഡ് മിക്‌സറുകള്‍, 95 റൂം ഹീറ്ററുകള്‍, 40 ഗ്യാസ് സ്റ്റൗവുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. അപകട സാധ്യതകള്‍ കണക്കിലെടുത്ത് തന്നെ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ബിഐഎസ് അംഗീകാരം നിര്‍ബന്ധമാണ്. ഐസ്‌ഐ മാര്‍ക്കോ സാധുതയുള്ള ലൈസന്‍സ് നമ്പറോ ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങള്‍ ആവശ്യമായ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാവില്ലെന്നും അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി നിലവാരം കുറഞ്ഞ നിരവധി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബിഐഎസ് അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
